Pages

Saturday 6 April 2013

THE GOD'S RELATIVES



“കുലം പവിത്രം ജനനീ കൃതാര്‍ത്ഥ
വസുന്ധരാ പുണ്യവതീ ച തേന”
“ആകാശത്തിന്റെ ദിവ്യ മണ്ഡലത്തില്‍ നിന്നു ഒരു മഹത് ജനനം ഉണ്ടാകുമ്പോള്‍ അതിനു സുകൃതം നിറഞ്ഞ ഒരു കുലം കരുതിയിട്ടുണ്ടാകും.”
ജഗത് ഗുരു ശ്രീ മാതാ അമൃതാനന്ദമയീദേവി അരയകുലത്തിലാണ് ജനിച്ചത്‌. അരയ വംശത്തിന്റെ ചരിത്രം പുരാതന ചോള-ചേര-പാണ്ഡ്യ ദേശങ്ങളിലെ രാജ വംശങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
തമിഴ്നാട്ടിലെ മുത്തുരാജ, മുത്തരയര്‍, ആന്ധ്രപ്രദേശിലെ മുദിരാജ എന്നീ പുരാതന ക്ഷത്രിയ  വിഭാഗത്തില്‍ ഉള്‍പ്പെടുന്ന അരയരുടെ കേരള ചരിത്രം ആരംഭിക്കുന്നത് സംഘകാല ഘട്ടം(1-2 A.D) മുതല്‍ക്കാണ്."മുത്തരയര്‍" എന്ന പേര്‍ “മുത്ത” എന്ന പദത്തില്‍ നിന്നുമുണ്ടായതാണ്. മുത്ത എന്നാല്‍,ഏതാനും ഗ്രാമങ്ങളുടെ കൂട്ടമാണ്‌.അതിന്റെ രാജാവ്" മുത്തരയന്‍, മുത്തുവിളയുന്ന ദേശത്തിന്റെ അധിപന്‍ “മുത്തരയന്‍ “ എന്നും ചരിത്രകാരന്മാര്‍ പറയുന്നു. രായ, രായര്‍, രാച, അരശു, രാജു, എന്നീ പേരുകളിലും  അറിയപ്പെട്ടിരുന്ന മഹാരാജാക്കന്മാരുടെ  ഈ വംശത്തിലാണ് ചിലപ്പതികാരത്തിലെ അതിസുന്ദരിയായ നായിക കണ്ണകി ജനിച്ചത്‌. ചോള ദേശത്തെ കാവേരിപ്പട്ടണത്തിലെ അരയകുല പ്രമാണിയും,ധനികനുമായ മുത്തുവ്യാപാരി മാനായിക്കന്റെ മകളായിരുന്നു കണ്ണകി. കണ്ണകിയെ മറ്റൊരു മുത്തുവ്യാപാരിയായ മാ ചാത്തുവാന്റെ മകനായ  കോവലന്‍ വിവാഹം കഴിച്ചു. കോവാലന് വാരസ്ത്രീയായ മാധവിയുമായുണ്ടായ അടുപ്പം സകല സമ്പാദ്യങ്ങളും നഷ്ടപ്പെടാന്‍ കാരണമായി. ഒടുവില്‍ പശ്ചാത്താപം മൂലം കണ്ണകിയോട് മാപ്പ് അപേക്ഷിച്ച്, ഇരുവരും കൂടി പുതിയൊരു ജീവിതം കെട്ടിപ്പടുക്കാന്‍ പാണ്ഡ്യ ദേശമായ മധുരയിലേക്ക് യാത്രയായി. അവിടെ മരണം തന്നെ കാത്തിരിക്കുന്നുവെന്ന് കോവിലന്‍ അറിഞ്ഞില്ല. കണ്ണകിയുടെ അവശേഷിച്ച കാല്‍ ചിലമ്പ്  വില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ , പാണ്ടിപ്പെരും ദേവിയുടെ ആഭരണങ്ങള്‍ നിര്‍മ്മിക്കുന്ന തട്ടാന്റെ കുതന്ത്രത്തില്‍ മഹാരാജാവ് നെടുംചെഴിയന്‍  ,കോവലനെ തെറ്റിദ്ധരിക്കുകയും, റാണിയുടെ ചിലമ്പ് മോഷ്ട്ടിച്ച കുറ്റത്തിന്,കൊലപ്പെടുത്തുകയും ചെയ്യുന്നു. വിവരം അറിഞ്ഞു ഉഗ്ര കോപിഷ്ടയായി കണ്ണകി കോവലന്റെ നിരപരാധിത്തം രാജാവിനെ ബോധ്യപ്പെടുത്തുകയും, രാജാവും, രാജ്ഞിയും,അധര്‍മ്മം ചെയ്തു എന്ന ധര്‍മ്മസങ്കടത്തില്‍ ബോധരഹിതരായി വീണു മരിക്കുകയും ചെയ്തു. കണ്ണകി അനന്തരം മധുരാ നഗരംചുട്ടു ചാമ്പലാക്കി എന്നാണ് പറയപ്പെടുന്നത്‌. കോവാലന്റെ കൊലപാതകം അറിഞ്ഞു കവേരിപ്പട്ടണത്തില്‍  നിന്നും മധുരയില്‍ എത്തിച്ചേര്‍ന്ന കണ്ണകി യുടേയും,കോവലന്റെയും ബന്ധുക്കള്‍ പാണ്ഡ്യ ദേശത്ത് അക്രമം അഴിച്ചുവിട്ടതുമാവാം. കോപം ശമിക്കാതെ തെക്കോട്ട്‌ സഞ്ചരിച്ചു കണ്ണകി ചേരരാജ്യമായ ചെന്കിന്റൂരിലെത്തി അവിടെ ഒരു കുന്നിന്‍ മുകളില്‍ ഒരു വേങ്ങ മരത്തിന്റെ ചുവട്ടില്‍ ഒറ്റക്കാലില്‍ തപസ്സുചെയ്തു നിന്നു ഇഹലോക വാസം വെടിഞ്ഞു.
ദേവതയെ പോലെ അതിസുന്ദരിയായ ഒരു സ്ത്രീ പതിനഞ്ച് ദിവസത്തോളം ജലപാനമില്ലാതെ ഒറ്റക്കാലില്‍ തപസ്സുചെയ്തുനിന്നു പിന്നെ മരണപ്പെട്ടു എന്ന് അത് നേരില്‍ കണ്ട ചില കുറവതരുണികളില്‍ നിന്നു കൂല വാണികന്‍  ചാത്തനാര്‍ മനസിലാക്കുകയും, ആ വിവരം ചേര രാജാവായ ചെങ്കുട്ടുവ രാജാവിനെ ധരിപ്പിക്കുകയും ചെയ്തു. ചെങ്കുട്ടുവ രാജാവ് തന്റെ ഇളയ സഹോദരനായ ഇളങ്കോവടികളോട് ആ സംഭവം എഴുതാന്‍ ആവശ്യപ്പെടുകയും, അങ്ങനെ സ്ത്രീയെ കേന്ദ്രീകരിച്ചു രചിക്കപ്പെട്ട ലോകത്തിലെ ആദ്യത്തെ ക്ലാസ്സിക് ആയ “ചിലപ്പതികാരം”പിറവിയെടുക്കുകയും ചെയ്തു. അനന്തരം ചെങ്കുട്ടുവ രാജാവ് കണ്ണകിക്കായി ചെങ്ങന്നൂരില്‍ ക്ഷേത്രം പണികഴിപ്പിക്കുകയുമുണ്ടായി.(205 A.D).
ജാതി വ്യവസ്ഥ നിലനിന്ന ഒരു കാലഘട്ടത്തില്‍ ഒരു രാജാവ് മുന്‍കയ്യെടുത്തു കണ്ണകിയുടെ കഥ പുസ്തകമാക്കുകയും, കണ്ണകിക്കായി ക്ഷേത്രം പണികഴിപ്പിക്കുകയും ചെയ്യണമെങ്കില്‍ കണ്ണകിയുടെ കുലം രാജകുലമാണെന്ന് വ്യക്തമാണല്ലോ. കണ്ണകിയെ തേടി മധുരയില്‍ നിന്നുമെത്തിയ കണ്ണകിയുടേയും, കോവലന്റെയും ബന്ധുജനങ്ങള്‍ ചെങ്ങന്നൂരില്‍ താമസമുറപ്പിച്ചു. ചെങ്ങന്നൂര്‍ ആ കാലഘട്ടത്തില്‍ കടല്‍തീരമായിരുന്നു എന്ന് ചിലപ്പതികാരത്തില്‍ നിന്നു തന്നെ മനസിലാക്കാം. എ.ഡി 52- ല്‍  സെന്റ്‌ :തോമസ്‌ പള്ളി സ്ഥാപിച്ചത് “നിരണം” എന്ന കടല്‍ തീരത്തായിരുന്നു. മാത്രമല്ല, പതിറ്റുപ്പത് എന്ന പുരാതന തമിഴ് കൃതിയില്‍ അതിന്റെ കര്‍ത്താവായ പരണര്‍ ചെങ്കുട്ടുവ രാജാവിനെ “പനിതുറൈ  പരതവാ” എന്ന് വിശേഷിപ്പിക്കുന്നുമുണ്ട്. രാജാവ് പരതവ വംശജന്‍ ആയിരുന്നു എന്ന് ഇതില്‍ നിന്നും മനസിലാക്കാം. പരതവരും ,അരയരും വംശ പരമായി സമന്മാരാണെന്നു ഇതില്‍ നിന്നും വ്യക്തമാണല്ലോ.  പില്‍ക്കാലത്ത് വന്‍തോതില്‍ കടല്‍ പുറകോട്ടു പോകുകയും തീരദേശ വാസികളായ അരയ വംശജര്‍ കരുനാഗപ്പള്ളിയുടെ തീരമായ “ആലപ്പാട്” താമസമാക്കുകയും ചെയ്തു. എങ്കിലും,ചെങ്ങന്നൂര്‍ ക്ഷേത്രവുമായുള്ള ബന്ധം ഇപ്പോഴും മുറതെറ്റാതെ തുടരുന്നു എന്നത് അത്ഭുതാവഹമാണ്. 1808 –മത് ശിവരാത്രി മഹോത്സവവും,  പരിശം വൈയ്പ്പുമാണ് 2013 മാര്‍ച്ച്‌ 10 –നു ശിവരാത്രി നാളില്‍ നടത്തപ്പെട്ടത്. “പരിശം” എന്ന തമിഴ് വാക്കിനു “സ്ത്രീധനം” എന്നാണു അര്‍ത്ഥം.  പാര്‍വതി ദേവിയുടെ വിവാഹ സമയത്ത് പിതാവ്, മരുമകനായ ശ്രീ പരമേശ്വരന്  നല്‍കുന്ന സ്ത്രീ ധനമാണ് “പരിശംവൈപ്പ്” എന്ന ചടങ്ങ് കൊണ്ടു ഉദ്ദേശിക്കുന്നത്. മകളുടെ വിവാഹത്തിന് വരന് പരിശം നല്‍കുന്നത് അരയകുലാചാരമാണ്.  ഇത്രയും കാലഗണനയുള്ള ഒരു ഹിന്ദു ആചാരം ലോക ചരിത്രത്തില്‍ അത്യപൂര്‍വങ്ങളില്‍ അത്യപൂര്‍വമാണ്. അരയവംശം ദൈവത്തിന്റെ ബന്ധുസമൂഹം” എന്ന് ഈ ചടങ്ങില്‍ നിന്നു മനസിലാക്കാം.
ചെങ്ങന്നൂര്‍ ക്ഷേത്രത്തിലെ കൊടിയേറ്റത്തിനു “അരയ പ്രമാണികള്‍ ചെങ്ങന്നൂരില്‍ എത്തുകയും കൊടിയേറ്റത്തിനു നേതൃത്വം വഹിക്കുകയും, ശിവരാത്രി ആഘോഷത്തിനു ആലപ്പാട്ടെ അരയ വംശജര്‍ ആ ദിവസം ഘോഷ യാത്രയായി കൊല്ലം ജില്ലയിലെ ആലപ്പാട് നിന്നും 42 കിലോ മീറ്റര്‍ സഞ്ചരിച്ചു ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരില്‍ ഓരോ വര്‍ഷവും എത്തിച്ചേര്‍ന്നു ഈ ക്ഷേത്രത്തില്‍ ശിവരാത്രിമഹോത്സവവും, വെളുപ്പിന് രണ്ടു മണിക്ക് പരിശം വയ്പ്പും നടത്തി പിറ്റേന്ന് തിരിച്ചു യാത്രയാകുന്നു.  ചെങ്ങന്നൂര്‍ ക്ഷേത്രത്തിന്റെ പണിപൂര്‍ത്തിയായ കാലം (205 A.D)മുതല്‍ അവിടെ ശിവരാത്രി മഹോത്സവവും,പരിശം വയ്പ്പും  നടത്തി വരുന്നത് ആലപ്പാട്ട് അരയന്മാരാണ്. അതിനുള്ള അവകാശം അവരില്‍ മാത്രം നിക്ഷിപ്തമാണ്.ഓരോ വര്‍ഷവും ക്ഷേത്രത്തിന്റെ രജിസ്റ്ററില്‍ ഇത് കൃത്യമായി രേഖപ്പെടുത്തി വരുന്നു.
അരയ വംശജരുടെ ചോള -ചേര ബന്ധം പോലെ തന്നെ പാണ്ഡ്യദേശവുമായുള്ള ബന്ധവും നമ്മള്‍ അറിയേണ്ടതുണ്ട്. ചോള-ചേര-പാണ്ഡ്യ രാജ വംശങ്ങള്‍ സമാനകുലജാതരും അവര്‍  പരസ്പരം വിവാഹ ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. പല്ലവന്മാരും,ചാലൂക്യന്മാരും മുത്തരയന്മാരും പരസ്പരം വിവാഹ ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നതായി ചരിത്ര രേഖകളുണ്ട്. പല്ലവന്മാരുടെ പിന്‍ഗാമികളെ “പല്ലവരയന്‍” എന്നും, ഒരു ചേര ശാഖയെ “പഴുവെട്ടരയന്‍” എന്നും പറഞ്ഞിരുന്നത് ഇതിനു ഉദാഹരണങ്ങളാണ്.
മഹാഭാരതത്തിലെ “ഭരതര്‍, പരതര്‍,പരതവര്‍, തുടങ്ങിയ പേരുകളില്‍ അറിയപ്പെട്ടിരുന്ന ജനതയാണ് പില്‍ക്കാലത്ത് പാണ്ഡ്യരാജാക്കന്മാരായത്. അവരുടെ കൊടി അടയാളം രണ്ടു മീനുകള്‍ ആയിരുന്നു. പുരാതന കാലത്ത്  പരിഷ്കൃത ജനത താമസിച്ചിരുന്നത് കടല്‍  തീരത്തായിരുന്നു. അതിനാല്‍ രാജാക്കന്മാര്‍ മത്സ്യം, ശംഖു എന്നിവ രാജ ചിഹ്നങ്ങളായി ഉപയോഗിച്ചിരുന്നു. പരതവര്‍ തന്നെയാണ് പര്‍വതരും,പര്‍വതരാജകുലവും. പര്‍വത രാജന്റെ മകളായിരുന്നു,പാര്‍വ്വതി. അതായത്,”സാക്ഷാല്‍ ശ്രീ പാര്‍വ്വതി ദേവി!”.
പാണ്ഡ്യദേശത്തെ ത്രയംബകന്‍ അടി അരയന്റെ മകളായി തിരൈശാര്‍മടന്ത അവതരിച്ചു. “തമിഴിലെ “വലവീശുപുരാണ”ത്തില്‍ വിവരിക്കുന്ന ഈ കഥ കണ്ണകിയുടെ കഥയില്‍ നിന്നും വ്യത്യസ്തമല്ല. പാര്‍വതീ ദേവി അരയ വംശത്തില്‍ കാലാ കാലങ്ങളില്‍ അവതരിക്കുന്നു എന്നത് പോലെ, പുരാതന ചോള-ചേര-പാണ്ഡ്യ –പല്ലവ- ചാലൂക്യ രാജവംശങ്ങള്‍ കേരളത്തിലെ അരയ വംശജരുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതിന് മറ്റെന്തു തെളിവാണ് വേണ്ടത്?.ചോള ദേശത്ത് നിന്നും ചേര രാജ്യമായ ചെങ്ങന്നൂരില്‍ താമസമുറപ്പിച്ചതിനു ശേഷം, അരയ വംശജരെ കുറിച്ച് ഒരു ഐതീഹ്യം പറഞ്ഞുകേള്‍ക്കുന്നത്,”അരയര്‍ /മുത്തരയര്‍, മുത്തുപോലെ പവിത്രമായ രാജകുലജാതരായിരുന്നു. അവരില്‍ ചിലര്‍ നായാട്ടു വിനോദം കഴിഞ്ഞു ഭവനത്തിലേക്കുള്ള  യാത്രാ മദ്ധ്യേ, ഒരു കുളക്കരയില്‍ വിശ്രമിക്കവേ, അനേകം മത്സ്യങ്ങളുടെ കൂട്ടം കണ്ടു ആകൃഷ്ടരാകുകയും, ധരിച്ചിരുന്ന പൂണൂല്‍ ഊരി കുരുക്കുണ്ടാക്കി അതിനെ പിടിക്കാന്‍ ശ്രമിക്കുകയും,ആ കാഴ്ച ചില ബ്രാഹ്മണര്‍ കാണാനിടയാകുകയും, അവരുടെ അധ:സ്ഥിതി ആരംഭിക്കുകയുമായിരുന്നു” എന്നാണ്. പൊതു സമൂഹത്തില്‍ അപ്രകാരം ഗണിക്കപ്പെടുന്നെങ്കിലും, സാക്ഷാല്‍ ഈശ്വരന്മാരുടെ ഗണനയില്‍ അതിനു മാറ്റം വന്നിട്ടില്ല. അതിനാലാണ്,പാര്‍വതിദേവി അരയകുലത്തില്‍ കണ്ണകിയായും, തിരൈശാര്‍ മടന്തയായും,മാതാ അമൃതാനന്ദ മയീ ദേവിയായും,കാലാ കാലങ്ങളില്‍ അവതരിച്ചുകൊണ്ടിരിക്കുന്നത്.
മഹത് ജനനം ഉണ്ടാകുമ്പോള്‍ അതിനു സുകൃതം നിറഞ്ഞ ഒരു കുലം ദൈവം കരുതിയിട്ടുണ്ടാകും. “അരയ ക്ഷത്രിയ കുലം”  എന്ന പാര്‍വ്വതീ ഗോത്രം.

                                                                                               


No comments:

Post a Comment